ഫോര്‍ട്ടുകൊച്ചി: തോരാതെ പെയ്ത ദുരിത പെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മുണ്ടംവേലി പി ആന്‍ഡ് ഡി കോളനി നിവാസികള്‍. മഴ പെയ്ത് ചോര്‍ന്നൊലിക്കുന്ന ഫ്ലാറ്റില്‍ കിടന്നുറങ്ങാനോ പാചകം ചെയ്യാനോ കഴിയുന്നില്ല. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി കൊച്ചി മുണ്ടംവേലിയില്‍ ഗാന്ധി നഗര്‍ പി ആന്‍ഡ് ഡി കോളനിയിലെ കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളാണ് കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഫ്ളാറ്റ് നിവാസികള്‍ നടത്തുന്ന അനിശ്ചിത കാല സമരം പത്ത് ദിവസം പിന്നിട്ടു.
പുതിയ സാങ്കേതിക വിദ്യയായ പ്രീ എന്‍ജിനീയറിംഗ് ബില്‍ഡിംഗ് ടെക്നോളജി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളാണ് കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നത്. 82 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ 75 ഫ്ളാറ്റുകളിലാണ് കോളനി നിവാസികളെ പുനരധിവസിപ്പിച്ചത്. കനത്ത മഴയില്‍ ഫ്ലാറ്റ് ചോര്‍ന്നൊലിച്ചതോടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികളും പ്രായമായവരും അസുഖ ബാധിതരുമൊക്കെയായി നൂറ് കണക്കിനാളുകളാണ് ഇവിടെ കഴിയുന്നത്.
നിര്‍ത്താതെ പെയ്ത മഴയില്‍ ഫ്ളാറ്റുകളെല്ലാം ചോരാന്‍ തുടങ്ങിയതോടെ വലിയ പ്രതിഷേധമാണ് താമസക്കാരില്‍ നിന്നുണ്ടാകുന്നത്. വാസയോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചു നീക്കുക, പട്ടയത്തോടപ്പം സുരക്ഷിത പുനരധിവാസം ഉറപ്പാക്കുക, അഴിമതിക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥകള്ക്കെതിരേ നടപടി സ്വീരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അസോസിയേഷന് സെക്രട്ടറി അഭിലാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.